സി.ഡിറ്റിന്റെ ഹരിശ്രീ കമ്പ്യൂട്ടര്‍ പഠനപദ്ധതി സ്വതന്ത്ര സോഫ്റ്റു്വെയര്‍ അധിഷ്ഠിതമാക്കണം

==സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF) സി ഡിറ്റ് ഡയറക്റ്റര്‍ക്കു് സമര്‍പ്പിക്കുന്ന നിവേദനം==

ബഹുമാനപ്പെട്ട സര്‍,

2011 ഒക്ടോബര്‍ 3-നു് ദിനപത്രങ്ങളില്‍ വന്ന സി-ഡിറ്റിന്റെ ഹരിശ്രീ കമ്പ്യൂട്ടര്‍ പഠനപദ്ധതിയുടെ പരസ്യമാണു് ഈ നിവേദനം സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നതു്.
 
കേരളത്തില്‍ സ്വതന്ത്ര സോഫറ്റ്‌വെയര്‍ പ്രചരിപ്പിക്കുന്നതിനായി മുന്നണിയില്‍ നിന്ന സ്ഥാപനമാണു് സി-ഡിറ്റു്. സാര്‍വ്വത്രിക കമ്പ്യൂട്ടര്‍ പഠനത്തെ സഹായിക്കുന്ന തരത്തില്‍ സി-ഡിറ്റു് ചെലവുകുറഞ്ഞ ഒരു പഠനപദ്ധതി ആസൂത്രണം ചെയ്തു് നടപ്പിലാക്കുന്നതു് വളരെ നല്ലൊരു നീക്കമാണു്.

ഹരിശ്രീ കമ്പ്യൂട്ടര്‍ പഠനപദ്ധതിലൂടെ പുതുതായി കമ്പ്യൂട്ടര്‍ പരിചയപ്പെടുന്നവര്‍ക്കായി വിഭാവനം ചെയ്ത പാഠ്യപദ്ധതിയാണെന്നു് മനസ്സിലാക്കുന്നു. ഇതില്‍, മലയാളം കമ്പ്യൂട്ടിംഗു്, ഓഫീസു് ആവശ്യത്തിനുള്ള സോഫ്റ്റ്‌വെയര്‍ എന്നിവയാണു് പരിശീലിപ്പിക്കുന്നതെന്നും മനസ്സിലാക്കുന്നു. ഓഫീസ് ആവശ്യത്തിനുള്ള ഇ മിത്രംസോഫ്റ്റ് വെയർ പാഠ്യപദ്ധതിയിൽ   മൈക്രോസോഫ്റ്റിന്റെ സോഫ് റ്റ് വെയറുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് പലകാരണങ്ങളാലും തികച്ചും അസ്വീകാര്യവും സർക്കാരിന്റെ വിവരസാങ്കേതിക വിദ്യാനയത്തിനെതിരുമാണ്. അസ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിപണനക്കാര്‍ തങ്ങളുടെ വിപണനതന്ത്രത്തിന്റെ ഭാഗമായി, മാര്‍ക്കറ്റു് ആവശ്യപ്പെടുന്നതു് അസ്വതന്ത്ര സോഫറ്റവെയറാണെന്ന എന്നൊരു വാദമുര്‍ത്തുന്നുണ്ടു്,  അതു് വസ്തുതകള്‍ക്കു് നിരക്കുന്നതല്ല. ലളിതമായി ഉപയോഗിക്കാവുന്നതും മികവുറ്റതുമായ മലയാളം കമ്പ്യൂട്ടിംഗു് സംവിധാനവും, ഓഫീസു് സോഫ്റ്റ്‌വെയറുകളും സ്വതന്ത്ര സോഫറ്റ്‌വെയറിലാണിന്നു് ലഭ്യമാകുന്നതു്.

എന്നാല്‍ ഹരിശ്രീ കമ്പ്യൂട്ടര്‍ പഠനപദ്ധതി അസ്വതന്ത്ര സോഫറ്റ്‌വെയര്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണെന്നു് പ്രസ്തുത പരസ്യത്തില്‍ നിന്നും മനസ്സിലാക്കുന്നു.  സി-ഡിറ്റു പോലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനം അസ്വതന്ത്ര സോഫറ്റ്‌വെയര്‍ പ്രചരിപ്പിക്കുന്നതു് ന്യായീകരിക്കതക്കതല്ല. അറിവിന്റെ മേഖലയില്‍ കേരളം നേടിയെടുത്തത്രത്തോളം സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടുന്ന കടമ അതിനായി പരിശ്രമിച്ച സി-ഡിറ്റിനുണ്ടെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലൊ.

ഹരിശ്രീ കമ്പ്യൂട്ടര്‍ പഠനപദ്ധതി പൂര്‍ണ്ണമായും സ്വതന്ത്ര സോഫറ്റ്‌വെയര്‍ അധിഷ്ഠിതമായി നടപ്പിലാക്കുന്നതുകൊണ്ടു്, സി-ഡിറ്റിനു് യാതൊരു സാമ്പത്തിക നഷ്ടവുമുണ്ടാകില്ല. മറിച്ചു് ലൈസന്‍സു് ഇനത്തിലുള്ള ചെലവു് കുറയുകയാണു് ചെയ്യുക. പഠിതാക്കളും, അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താനും, ലൈസന്‍സു് തുക നഷടപ്പെടുത്താനും പ്രേരിപ്പിക്കപ്പെടുകയുമില്ല. ഈ പദ്ധതിയിലെ പഠിതാക്കള്‍ക്കു് സോഫ്റ്റവെയര്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍  സി-ഡിറ്റു് ശ്രദ്ധിക്കേണ്ടതാണു്.

കേരളാ വിവരസാങ്കേതികവിദ്യാ നയത്തില്‍ വ്യക്തമായി തന്നെ പറയുന്നു, സാദ്ധ്യമായ കാര്യങ്ങള്‍ക്കൊക്കെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെ ഉപയോഗിക്കണമെന്നു്.  അതിനു് വിരുദ്ധമായ നടപടി ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുമുണ്ടാകരുതു്.

ഹരിശ്രീ പദ്ധതിയിലുടെ വിവരസാങ്കേതിക രംഗത്തേക്കു് വരുന്ന ഉപയോക്താക്കളുടെ തുടര്‍പഠനം വളരെ പ്രധാനപ്പെട്ട കാര്യമാണു്. ഐ.ടി @ സ്കൂള്‍ പദ്ധതിയിലൂടെ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളെല്ലാം സ്വതന്ത്ര സോഫറ്റ്‌വെയറില്‍ പരിശീലനം നേടുന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ ? അതിനാല്‍ ഹരിശ്രീ കമ്പ്യൂട്ടര്‍ പഠനപദ്ധതി പൂര്‍ണ്ണമായും സ്വതന്ത്ര സോഫറ്റ്‌വെയര്‍ അധിഷ്ഠിതമായി നടപ്പിലാക്കിയാല്‍, അതിലെ പഠിതാക്കളുടെ തുടര്‍വിദ്യാഭ്യാസം, അവരവരുടെ വീടുകളിലെ സ്കൂള്‍കുട്ടികള്‍ മുഖേനെ തന്നെ സാദ്ധ്യമാകും. ഇതിലൂടെ വളരെ സ്തുത്യര്‍ഹമായ സംഭാവനയായിരിക്കും സി-ഡിറ്റു് കേരള സമൂഹത്തിനു് നല്‍കുക.

അതിനാല്‍ ഹരിശ്രീ കമ്പ്യൂട്ടര്‍ പഠനപദ്ധതിയിലൂടെയൂള്ള കമ്പ്യൂട്ടര്‍ പരിശീലനം പൂര്‍ണ്ണമായും സ്വതന്ത്ര സോഫറ്റ്‌വെയര്‍ അധിഷ്ഠിതമായി നടപ്പിലാക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നു്, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF) ഈ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു