സ്വതന്ത്ര വിജ്ഞാന പ്രവർത്തകരും, സ്വതന്ത്ര സോഫ്റ്റ്‌വെയർ തൊഴിലാളികളും ചേർന്ന് 2008 ഡിസംബർ 21-ആം തീയതി എറണാകുളത്തു് വെച്ച് രൂപീകരീച്ച ഒരു കൂട്ടായ്മയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം. അറിവിന്റെ സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ആധുനിക സാങ്കേതിക വിദ്യകളിൻമേൽ സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക, സൈബർ സ്പേസു് പോലുള്ള വിവര സങ്കേതങ്ങളിൽ സാമൂഹ്യ കാഴ്ചപാടോടെ ഇടപെടുക, വിവരാധിഷ്ഠിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF). രണ്ടിലേറെ വർഷങ്ങളിലെ ചർച്ചകൾക്കും വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾക്കും ശേഷം ഔപചാരികമായ ഉദ്ഘാടനവും പ്രഥമ സംസ്ഥാന സമ്മേളനവും 2011 മാർച്ച് 19 ന് കോട്ടയത്ത് നടന്നു..
അറിവ് എന്തുകൊണ്ട് സ്വതന്ത്രമാകണം
1. ജീവിതോപാധികൾ കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പ്രകൃതിയുമായുള്ള ഇടപഴകലിലൂടെയാണ് മനുഷ്യർ അറിവ് സ്വായത്തമാക്കുന്നത്. ഉപജീവനത്തിനായുള്ള അദ്ധ്വാനം ലഘൂകരിക്കുന്നതിനായി അറിവു് എല്ലാക്കാലത്തും ഉപയോഗിച്ചിരുന്നു. അദ്ധ്വാനത്തിലൂടെ തന്നെയാണു് അദ്ധ്വാനശേഷി (സൃഷ്ടിപരമായ കഴിവു്) വർദ്ധിപ്പിക്കുന്ന അറിവുകൾ നേടിയിരുന്നതു്. സമ്പത്തു് സൃഷ്ടിക്കാനുള്ള ഉപാധികളായ ഇവ രണ്ടും മനുഷ്യസമൂഹത്തോടൊപ്പം തന്നെ വളർന്നു് വികസിച്ചു. അറിവിന്റേയും അദ്ധ്വാനത്തിന്റേയും പാരസ്പര്യത്തിലൂടെ രൂപപ്പെടുന്ന സമ്പത്തിനു് ആനുപാതികമായാണു് സാമൂഹ്യ പുരോഗതിയും ഉണ്ടായതും ഉണ്ടാകുന്നതും...